ടോളിവുഡ് സൂപ്പർതാരം നാനി നായകനായ ബിഗ് ബജറ്റ് ചിത്രം 'ദി പാരഡൈസ്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്തു നാലു ദിവസം പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.
ഇന്ത്യൻ ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത് 109 കോടി രൂപയാണ്. ആദ്യ ദിവസം 34.65 കോടി ചിത്രത്തിനു നേടാനായി. വിദേശ വിപണിയിൽനിന്ന് ഇതുവരെ 29.25 കോടി രൂപ കളക്ഷൻ നേടാനായതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 138.25 കോടി രൂപയായി.
2023-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ദസറ'യ്ക്കു ശേഷം സംവിധായകൻ ശ്രീകാന്ത് ഒഡെലയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 1980-കളിലെ സെക്കന്തരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ 'ജദൽ' എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടവും മാസ് ആക്ഷൻ രംഗങ്ങളുമാണു ചിത്രത്തിന്റെ പ്രധാന ആകർഷണം.
എസ്എൽവി സിനിമാസ് നിർമിച്ച ചിത്രത്തിൽ മോഹൻ ബാബു, കയാദു ലോഹർ, സൊണാലി കുൽക്കർണി, രാഘവ് ജുയാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.